Saturday 15 February 2014

----...ഉമ്മ...---



                 ----...ഉമ്മ...---

മൂകമായ രാത്രി.അതു പോലെയാണെന്‍റെ ഉമ്മ!.ദുരിതങ്ങളുടെ ഛായാചിത്രം വരച്ചിട്ട മുഖം...ശീതരക്തം ഞരമ്പിലൂടെ ഒഴുകുന്നതു കൊണ്ടാവാം എപ്പോഴും ക്ഷീണിതയാണ്. ഓലപ്പുരയില്‍ നിന്നും ഓടുപാകിയ വീട്ടിലേക്കുളള ചുവടുമാറ്റം ഉമ്മയെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്.മരുഭൂമിയില്‍ കാണാതെ കണ്ട കൂടാരം പോലെ.......
മുറ്റത്തെ മൈലാഞ്ചി തൈകള്‍, പൂത്തു വിടര്‍ന്നു നിന്നത് പെര നിറഞ്ഞുനില്ക്കുന്ന തന്‍റെ അഞ്ചു പെണ്മ ക്കളെ കണ്ടിട്ടാവണമെന്ന ഭീതി ഉമ്മയെ അലട്ടിയിരുന്നു. ലഹരിയുടെ ഉന്മാദത്തിലേറി വരുന്ന ഉപ്പയെ കൈകോര്‍ത്ത് കട്ടിലിലേക്ക് താങ്ങിയിരുത്തി കണ്ണുകള്‍ തുടയ്ക്കുന്നതു കാണാം ചില രാത്രികളില്‍......ഏട്ടന്‍ പോലീസ് മുറയില്‍ കവിളുകളും,തുടകളും തല്ലി നൊമ്പരപ്പെടുത്തുമ്പോള്‍ പുസ്തകത്തിലായിരുന്നില്ല ഞാനും പെങ്ങളും നോക്കിയിരുന്നത്....പകരം മണ്ണെണ്ണ വിളക്കിന്‍റെ കത്തിയെരിയുന്ന തിരിയിലായിരുന്നു.മണ്ണെണ്ണ പരന്ന് ആ തിരി ഞങ്ങളിലേക്കും പടര്‍ന്നി രുന്നുവെങ്കില്‍...........!
നാളുകള്‍ക്കുള ശേഷം, രണ്ടു മൊഞ്ചുളള കൈകളില്‍ മംഗല്യമൈലാഞ്ചി നിറം നല്കിയപ്പോള്‍ തിമിരം ഉമ്മയുടെ കണ്ണുകളുടെ നിറം കെടുത്തിയിരുന്നു.
ലഹരി കാര്‍ന്നു തിന്ന ഉപ്പയുടെ മെല്ലിച്ച ശരീരം ആശുപത്രിയില്‍ നിന്നും വെളളതുണിയില്‍ മൂടി വീടിന്‍റെ നടുത്തളത്തില്‍ കിടത്തുമ്പോള്‍ ചന്ദനത്തിരിയുടെയും,കുന്തിരിക്കത്തിന്‍റെയും പുകയുന്ന ഗന്ധം മുറികളിലാകെ പടര്‍ന്നി രിന്നു..സ്വലാത്തിന്‍റെ ഉച്ചാരണം മാത്രമേ ഉമ്മയുടെ മുറിയില്‍ നിന്നും കുറച്ചു നാളത്തേയ്ക്ക് പിന്നെ ‍ഞാന്‍ കേട്ടിട്ടുളളു..പ്രാര്‍ത്ഥനകള്‍ക്കു ഫലം ലഭിച്ചെന്നു പറയാം...മകന്‍ ഏഴുകടലും കടന്ന് കരയ്ക്കടുത്തപ്പോള്‍ അടുക്കളയില്‍ നിന്നുയര്‍ന്ന പുക നെടുവീര്‍പ്പിന്‍റെ നിശ്വാസങ്ങളല്ലായിരുന്നു....!
ഇപ്പോഴും,ബന്ധങ്ങളുടെ പേരില്‍ ഒറ്റപ്പെടുത്തലുകളും,കുറ്റപ്പെടുത്തലുകളും കൂര്‍ത്ത ശരങ്ങളായ് നെഞ്ചിനെ കീറിമുറിക്കുമ്പോഴും,.... ഉമ്മ എന്നും പറയാറുള്ളതു പോലെ ഞങ്ങളോട് പിന്നെയും പറയും “ എല്ലാം കാണണ പടച്ചോനുണ്ടല്ലോ മോളില്.....ആരെന്ത് ചൊല്ലിയാലും, ശെയ്ദാലും ഞമ്മള് അബരെ ഒന്നും ശെയ്യണ്ട.....ദുനിയാബല്ലെ,..പടച്ചോന്‍ സാഷി! “…..ആ വാക്കുകള്‍ക്ക് പേറ്റുനോവിന്‍റെ സഹനശക്തിയുണ്ടെന്ന് എല്ലാഴ്പ്പോഴും ഞാന്‍ തിരിച്ചറിയുന്നു ഈ പാതിരാത്രിയിലും....
----- സുമീര്‍ സികെ---

4 comments:

  1. മലയാള സാഹിത്യ ശാഖയ്ക്ക് പുതിയ ഒരു കഥാ ക്രിത്ത്.. അത് എന്ടെ കൂട്ടുകാരനാണെന്നുള്ളതില് ഞാനുo അഭിമാനo കൊള്ളുന്നു..

    ReplyDelete