Monday 17 February 2014



     ആത്മാവിന്‍റെ ഇരുട്ട്


തിനു മുമ്പും അവനിവിടെ വന്നിട്ടുണ്ട്. അമ്മയുടെ കൈകളിലെ  സ്വാതന്ത്ര്യവുമായി;കണ്ണുകളിലെ പ്രത്യാശയുമായിട്ട്.തണുത്തുറഞ്ഞ അന്തരീക്ഷത്തിലെ മൂടല്‍മഞ്ഞിനിടയിലൂടെ അവ്യക്തമായി ഭീതിതമായ ചില ശബ്ദങ്ങള്‍ കേള്‍ക്കാം.ഞരമ്പിലൂടെ തണുപ്പ് അരിച്ചിറങ്ങുന്നുമുണ്ട്.ശരീരമാകെ മരവിച്ചു നില്‍പ്പാണ്.
   ദൂരെയകലെ നിന്നും വണ്ടികള്‍ ചുരം കയറി വരുന്ന ശബ്ദം ചെറുതായി അവന്‍ കേട്ടു. ചുരത്തിന്‍റെ പകുതിയിലോളം മുകളിലാണ് താനെന്ന് അവന് തോന്നി. ചുരത്തിന്‍റെ ഒരു ഭാഗം മുഴുവനും വലിയ കൊക്കയാണെന്ന് അമ്മ പറയാറുണ്ട്.താനെങ്ങനെ ഇവിടെ വരെയെത്തി.......?
ക്ളോക്കിലെ സൂചികളുടെ ടിക് ടിക് ശബ്ദത്തോടൊപ്പം തന്‍റെ ഹൃദയവും പിടച്ചുകൊണ്ടിരിക്കുകയാണെന്ന് അവന് തോന്നി.ഇരുട്ടിന്‍റെ നിശബ്ദതയില്‍ വിറങ്ങലിച്ച കുറേ നിഴല്‍ രൂപങ്ങള്‍ തനിക്കുചുററും വലംവെക്കുന്നതു പോലെ തോന്നി.അവന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി.വലിഞ്ഞു മുറുകുന്ന അസ്വാസ്ഥ്യങ്ങള്‍ക്കു നടുവില്‍ നിദ്രാഭംഗം അവന്‍റെ തലച്ചോറിനെ ഒന്നുകൂടി പെരുപ്പിച്ചു.നിശ്ചലമായ ,നിശബ്ദയായ രാത്രി..!.തന്‍റെ അരികിലായി ആരോ ഇരിക്കുന്നത്പോലെ തോന്നി.....!.ആ കണ്ണുകളില്‍ നിന്നുതിരുന്ന നോട്ടം..........ക്രൂരം....
തന്‍റെ ഉടലാകെ കാ൪ന്നുതിന്നുന്ന രീതിയിലുള്ള പൈശാചികമായ നോട്ടമായിരിക്കുന്നവന്‍ ഊഹിച്ചു.
എനിക്കെന്തിനാണീ കാവല്‍ ? ഇടറിയ ശബ്ദത്തോടെ അവന്‍ ആരാഞ്ഞു.
നിന്‍റെ ചിന്തകളില്‍ കനലെരിയുമ്പോള്‍ അത് കെടുത്താന്‍......!.നൊമ്പരമേറുമ്പോള്‍ നിനക്കു സാന്ത്വനമേകുന്നത് എന്‍റെ ചിന്തകളല്ലെ.... നിന്‍റെ ചിന്തകളില്‍ എന്നെ കുടിയിരുത്തിയിട്ട് എത്ര നാളായെന്ന് നീ ഇപ്പോള്‍ ചിന്തിക്കാത്തതെന്ത്....?.
പുറത്തെവിടെയോ ഒരു വവ്വാലിന്‍റെ ചിറകടിച്ചുയരുന്ന ശബ്ദം അവനെ ചെറുതായൊന്ന് ഞെട്ടിച്ചു.
  ഇല്ല, എനിക്കു നിന്നെ അറിയില്ല.....ഞാന്‍ കണ്ടിട്ടില്ല....സ്വപ്നത്തില്‍ പോലും ദര്‍ശിച്ചിട്ടില്ല....
ഇത് കേട്ടിട്ടാവണം ആ രൂപം പൊട്ടിച്ചിരിച്ചത്.ഇരുളാണെങ്കിലും അതൊരു അട്ടഹാസമായിട്ടാണവന് തോന്നിയത്..കൂടാതെ ആ ചുണ്ടുകള്‍ക്കിടയിലൂടെ രണ്ട് കൂര്‍ത്ത ദംഷ്ട്രകള്‍ തള്ളി വരുന്നുണ്ടാവുമോ...?.അവന്‍റെ ഉടല്‍ വിറ കൊണ്ടു.
ആദ്യമായി നീയെന്നെ പ്രണയിച്ചത് പാഠപുസ്തകങ്ങള്‍ നിനക്കുനേരെ വിരല്‍ചൂണ്ടിയപ്പോഴായിരുന്നു.പിന്നെ ഈ ലോകം മറച്ചുപിടിച്ച നിഗൂഢതകളെയോര്‍ത്തു നീ വല്ലാതെ പ്രണയിച്ചു...ആത്മസംഘര്‍ഷങ്ങള്‍ നിറഞ്ഞ നിന്‍റെ രാത്രികള്‍......പുലരുവോളം നീയെന്‍റെ ചുടുചുംബനങ്ങള്ക്കു കൊതിച്ച രാത്രികള്‍.....പക്ഷേ, അമ്മയുടെ സ്നേഹവാത്സല്യത്തില്‍ നീയെന്നോടുള്ള പ്രണയം വേലികെട്ടി...എന്‍റെ പ്രണയം നിന്നോടുതന്നെയാണീന്നും.....
അവള്‍ അവന്‍റെ കൈകളില്‍ മുറുകെപ്പിടിച്ചു.തലമുടികളിലൂടെ തലോടിയപ്പോ സിരകളില്‍ ചൂട് കയറി.സ്വയം മതിമറന്നുപോകുന്നത് പോലെ തോന്നിയവന്...ശരീരം മരവിച്ചത് പോലെ.....
നിന്‍റെ കാമം എന്നെ ഉന്മത്തനാക്കുന്നു...നീ പുണരുമ്പോ വാരിയെല്ലുകള്‍ നുറുങ്ങുന്നു “.നീയെന്തിനാണ് ഇത്രമാത്രം സ്നേഹിക്കുന്നത്..? ”….
ഞാനോ....നിന്‍റെ നൊമ്പരനിമിഷങ്ങളെ വാരിപ്പുണ൪ന്ന് ,കവിളുകളില്‍  ചുടുചുംബനങ്ങള്‍ നല്‍കി നിന്നെയാകെ ചൂടുപക൪ത്താന്‍.അപ്പോള്‍ നിന്‍റെ മനസ്സും ശരീരവും മരവിപ്പിച്ചിരിക്കും.ഹൃദയം തുടിച്ചു നീ വിറകൊള്ളും.
      ഇരുളില്‍ നിന്നും അവള്‍ അവനു നേരെ കൈനീട്ടി.യാന്ത്രികമെന്നോണം കൈകള്‍ കോര്‍ത്തു.തണുത്തുറച്ച മഞ്ഞുകട്ടയില്‍ സ്പ൪ശിച്ചതു പോലെ.......!
അവള്‍ പുണ൪ന്നപ്പോള്‍ എല്ലുകള്‍ നുറുങ്ങിയോ......!?
ശരീരമാസകലം വേദനിക്കുന്നുണ്ട്.കൈ കോ൪ത്ത് നടക്കുമ്പോള്‍ താ൯ പാറിയകലുകയാണെന്നവനു തോന്നി.
ഇത്ര വേഗത്തില്‍ നീയെവിടേക്കാണ് ......?
പുഞ്ചിരി തൂകി അവള്‍ പറഞ്ഞു നിന്‍റെ അമ്മയുടെ അരികിലേക്ക്...
അ....അമ്മ.. ചുണ്ടുകളില്‍ വാക്കുകള്‍ ഇടറിയപ്പോള്‍ കണ്ണുകളില്‍ നനവ് പടരുന്നത് അവനറിഞ്ഞു.ആ നനവുകള്‍ക്കിടയിലൂടെ അന്നാദ്യമായി അമ്മയുടെ മുഖം ഇരുളില്‍ പ്രകാശിക്കുന്നതായി കണ്ടു.
ഭീതിയുടെ ഇരുളടഞ്ഞ,വേദനയുടെ ഇടുങ്ങിയ മുറിയില്‍ നിന്നും ആ൪ത്തലച്ചു കരയുന്ന തന്നെ, അമ്മയുടെ പൊക്കിള്‍ ക്കൊടിയില്‍ നിന്നും അറുത്തുമാറ്റി പകല്‍ വെളിച്ചത്തിന്‍റെ  ഉമ്മറത്തേക്ക് നഴ്സ് കൈമാറിയപ്പോഴും തനിക്കുചുറ്റും ഇരുട്ടായിരുന്നു അന്നും ഇന്നും.!
കനത്ത ഇരുട്ട്..!
അമ്മയുടെ മടിത്തട്ടില്‍ താരാട്ടിന്‍റെ ഈണം കേട്ടുറങ്ങിയപ്പോള്‍ രാത്രികള്‍ തനിക്കു ചുറ്റും നൃത്തം വെച്ചിട്ടുണ്ട് പലപ്പോഴും.
ഉണ്ണീ,പുറത്തിറങ്ങരുത്,അമ്മ വൈകാതിങ്ങെത്തും. കവിളില്‍ മുത്തമേകി ആശുപത്രിയിലേക്ക് പോകുമ്പോള്‍ താനും, ചെറ്റക്കുടിലിന്‍റെ മണ്‍ഭിത്തികളിലെ പാറ്റകളും മാത്രം..ഇരുള്‍മൂടിയ കണ്ണുകള്‍‍  അമ്മയുടെ മുഖമോ,കണ്ണുകളില്‍ പടരുന്ന നനവോ കണ്ടില്ല...ആ വാത്സല്യം നിറഞ്ഞ സ്വരം പ്രകാശം പട൪ത്തിയിരുന്നു.
ഒരു രാത്രി ശ്വാസം കിട്ടാതെ, അമ്മ നിലത്തെ പായയില്‍ പിടഞ്ഞുമരിച്ചപ്പോള്‍ മനസ്സും അജ്ഞാതമായ തുരുത്തില്‍ ഒറ്റപ്പെട്ടു.അതിനുശേഷമാണ് ​അവളെ പ്രണയിച്ചത്.!ഏകാന്തതയുടെ വിരിമാറില്‍ തലചായ്ച്ചു കിടക്കുമ്പോഴും,പകലുകളില്‍ സൂര്യനവനെ നോക്കി പല്ലിളിച്ചപ്പോഴും അവളെ വല്ലാതെ പ്രണയിച്ചു.അവന്‍ പതിയെ നടന്നു.കോടമഞ്ഞ് പതുക്കെ വീശിയകലാന്‍ തുടങ്ങിയിരുന്നു.മുന്നോട്ടേക്കുളള ഓരോ ചുവട് വെക്കുമ്പോഴും അവളെ കൂടുതല്‍ പ്രണയിച്ചു കൊണ്ടേയിരുന്നു. വളരെ ക്കൂടുതലായ്...!.അപ്പോള്‍ അമ്മയുടെ വരണ്ട ചുണ്ടില്‍ പുഞ്ചിരി വിടരുന്നതവന്‍ കണ്ടു..
വാ...ഉണ്ണി,അമ്മേടടുത്ത് ഓടി വാ..
വാത്സല്യമാ൪ന്ന കരം നീട്ടുന്നത് അന്നാദ്യമായി അവന്‍ കണ്ടു.ചുറ്റും കനത്ത മഞ്ഞ് പടരുകയാണെങ്കിലും അവന്‍റെ ശരീരത്തില്‍ വല്ലാത്തൊരു ചൂട് പടരുകയായിരുന്നു.അഗാധ ഗ൪ത്തങ്ങളിലെവിടെയോ മനസ്സ് പതിച്ചപ്പോ അവന്‍റെ  കൂ൪ക്കം വലിയുടെ ശബ്ദവും ഉയ൪ന്നിരുന്നു.......!

                                                                   

1 comment:

  1. വളരെ നന്നായിട്ടുണ്ട്.. ഇനിയുo ഒരുപാട് രചനകള് നിന്ടേതായി ഉണ്ടാവട്ടെ.. ആശoസകള്..

    ReplyDelete