Monday 17 February 2014



     ആത്മാവിന്‍റെ ഇരുട്ട്


തിനു മുമ്പും അവനിവിടെ വന്നിട്ടുണ്ട്. അമ്മയുടെ കൈകളിലെ  സ്വാതന്ത്ര്യവുമായി;കണ്ണുകളിലെ പ്രത്യാശയുമായിട്ട്.തണുത്തുറഞ്ഞ അന്തരീക്ഷത്തിലെ മൂടല്‍മഞ്ഞിനിടയിലൂടെ അവ്യക്തമായി ഭീതിതമായ ചില ശബ്ദങ്ങള്‍ കേള്‍ക്കാം.ഞരമ്പിലൂടെ തണുപ്പ് അരിച്ചിറങ്ങുന്നുമുണ്ട്.ശരീരമാകെ മരവിച്ചു നില്‍പ്പാണ്.
   ദൂരെയകലെ നിന്നും വണ്ടികള്‍ ചുരം കയറി വരുന്ന ശബ്ദം ചെറുതായി അവന്‍ കേട്ടു. ചുരത്തിന്‍റെ പകുതിയിലോളം മുകളിലാണ് താനെന്ന് അവന് തോന്നി. ചുരത്തിന്‍റെ ഒരു ഭാഗം മുഴുവനും വലിയ കൊക്കയാണെന്ന് അമ്മ പറയാറുണ്ട്.താനെങ്ങനെ ഇവിടെ വരെയെത്തി.......?
ക്ളോക്കിലെ സൂചികളുടെ ടിക് ടിക് ശബ്ദത്തോടൊപ്പം തന്‍റെ ഹൃദയവും പിടച്ചുകൊണ്ടിരിക്കുകയാണെന്ന് അവന് തോന്നി.ഇരുട്ടിന്‍റെ നിശബ്ദതയില്‍ വിറങ്ങലിച്ച കുറേ നിഴല്‍ രൂപങ്ങള്‍ തനിക്കുചുററും വലംവെക്കുന്നതു പോലെ തോന്നി.അവന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി.വലിഞ്ഞു മുറുകുന്ന അസ്വാസ്ഥ്യങ്ങള്‍ക്കു നടുവില്‍ നിദ്രാഭംഗം അവന്‍റെ തലച്ചോറിനെ ഒന്നുകൂടി പെരുപ്പിച്ചു.നിശ്ചലമായ ,നിശബ്ദയായ രാത്രി..!.തന്‍റെ അരികിലായി ആരോ ഇരിക്കുന്നത്പോലെ തോന്നി.....!.ആ കണ്ണുകളില്‍ നിന്നുതിരുന്ന നോട്ടം..........ക്രൂരം....
തന്‍റെ ഉടലാകെ കാ൪ന്നുതിന്നുന്ന രീതിയിലുള്ള പൈശാചികമായ നോട്ടമായിരിക്കുന്നവന്‍ ഊഹിച്ചു.
എനിക്കെന്തിനാണീ കാവല്‍ ? ഇടറിയ ശബ്ദത്തോടെ അവന്‍ ആരാഞ്ഞു.
നിന്‍റെ ചിന്തകളില്‍ കനലെരിയുമ്പോള്‍ അത് കെടുത്താന്‍......!.നൊമ്പരമേറുമ്പോള്‍ നിനക്കു സാന്ത്വനമേകുന്നത് എന്‍റെ ചിന്തകളല്ലെ.... നിന്‍റെ ചിന്തകളില്‍ എന്നെ കുടിയിരുത്തിയിട്ട് എത്ര നാളായെന്ന് നീ ഇപ്പോള്‍ ചിന്തിക്കാത്തതെന്ത്....?.
പുറത്തെവിടെയോ ഒരു വവ്വാലിന്‍റെ ചിറകടിച്ചുയരുന്ന ശബ്ദം അവനെ ചെറുതായൊന്ന് ഞെട്ടിച്ചു.
  ഇല്ല, എനിക്കു നിന്നെ അറിയില്ല.....ഞാന്‍ കണ്ടിട്ടില്ല....സ്വപ്നത്തില്‍ പോലും ദര്‍ശിച്ചിട്ടില്ല....
ഇത് കേട്ടിട്ടാവണം ആ രൂപം പൊട്ടിച്ചിരിച്ചത്.ഇരുളാണെങ്കിലും അതൊരു അട്ടഹാസമായിട്ടാണവന് തോന്നിയത്..കൂടാതെ ആ ചുണ്ടുകള്‍ക്കിടയിലൂടെ രണ്ട് കൂര്‍ത്ത ദംഷ്ട്രകള്‍ തള്ളി വരുന്നുണ്ടാവുമോ...?.അവന്‍റെ ഉടല്‍ വിറ കൊണ്ടു.
ആദ്യമായി നീയെന്നെ പ്രണയിച്ചത് പാഠപുസ്തകങ്ങള്‍ നിനക്കുനേരെ വിരല്‍ചൂണ്ടിയപ്പോഴായിരുന്നു.പിന്നെ ഈ ലോകം മറച്ചുപിടിച്ച നിഗൂഢതകളെയോര്‍ത്തു നീ വല്ലാതെ പ്രണയിച്ചു...ആത്മസംഘര്‍ഷങ്ങള്‍ നിറഞ്ഞ നിന്‍റെ രാത്രികള്‍......പുലരുവോളം നീയെന്‍റെ ചുടുചുംബനങ്ങള്ക്കു കൊതിച്ച രാത്രികള്‍.....പക്ഷേ, അമ്മയുടെ സ്നേഹവാത്സല്യത്തില്‍ നീയെന്നോടുള്ള പ്രണയം വേലികെട്ടി...എന്‍റെ പ്രണയം നിന്നോടുതന്നെയാണീന്നും.....
അവള്‍ അവന്‍റെ കൈകളില്‍ മുറുകെപ്പിടിച്ചു.തലമുടികളിലൂടെ തലോടിയപ്പോ സിരകളില്‍ ചൂട് കയറി.സ്വയം മതിമറന്നുപോകുന്നത് പോലെ തോന്നിയവന്...ശരീരം മരവിച്ചത് പോലെ.....
നിന്‍റെ കാമം എന്നെ ഉന്മത്തനാക്കുന്നു...നീ പുണരുമ്പോ വാരിയെല്ലുകള്‍ നുറുങ്ങുന്നു “.നീയെന്തിനാണ് ഇത്രമാത്രം സ്നേഹിക്കുന്നത്..? ”….
ഞാനോ....നിന്‍റെ നൊമ്പരനിമിഷങ്ങളെ വാരിപ്പുണ൪ന്ന് ,കവിളുകളില്‍  ചുടുചുംബനങ്ങള്‍ നല്‍കി നിന്നെയാകെ ചൂടുപക൪ത്താന്‍.അപ്പോള്‍ നിന്‍റെ മനസ്സും ശരീരവും മരവിപ്പിച്ചിരിക്കും.ഹൃദയം തുടിച്ചു നീ വിറകൊള്ളും.
      ഇരുളില്‍ നിന്നും അവള്‍ അവനു നേരെ കൈനീട്ടി.യാന്ത്രികമെന്നോണം കൈകള്‍ കോര്‍ത്തു.തണുത്തുറച്ച മഞ്ഞുകട്ടയില്‍ സ്പ൪ശിച്ചതു പോലെ.......!
അവള്‍ പുണ൪ന്നപ്പോള്‍ എല്ലുകള്‍ നുറുങ്ങിയോ......!?
ശരീരമാസകലം വേദനിക്കുന്നുണ്ട്.കൈ കോ൪ത്ത് നടക്കുമ്പോള്‍ താ൯ പാറിയകലുകയാണെന്നവനു തോന്നി.
ഇത്ര വേഗത്തില്‍ നീയെവിടേക്കാണ് ......?
പുഞ്ചിരി തൂകി അവള്‍ പറഞ്ഞു നിന്‍റെ അമ്മയുടെ അരികിലേക്ക്...
അ....അമ്മ.. ചുണ്ടുകളില്‍ വാക്കുകള്‍ ഇടറിയപ്പോള്‍ കണ്ണുകളില്‍ നനവ് പടരുന്നത് അവനറിഞ്ഞു.ആ നനവുകള്‍ക്കിടയിലൂടെ അന്നാദ്യമായി അമ്മയുടെ മുഖം ഇരുളില്‍ പ്രകാശിക്കുന്നതായി കണ്ടു.
ഭീതിയുടെ ഇരുളടഞ്ഞ,വേദനയുടെ ഇടുങ്ങിയ മുറിയില്‍ നിന്നും ആ൪ത്തലച്ചു കരയുന്ന തന്നെ, അമ്മയുടെ പൊക്കിള്‍ ക്കൊടിയില്‍ നിന്നും അറുത്തുമാറ്റി പകല്‍ വെളിച്ചത്തിന്‍റെ  ഉമ്മറത്തേക്ക് നഴ്സ് കൈമാറിയപ്പോഴും തനിക്കുചുറ്റും ഇരുട്ടായിരുന്നു അന്നും ഇന്നും.!
കനത്ത ഇരുട്ട്..!
അമ്മയുടെ മടിത്തട്ടില്‍ താരാട്ടിന്‍റെ ഈണം കേട്ടുറങ്ങിയപ്പോള്‍ രാത്രികള്‍ തനിക്കു ചുറ്റും നൃത്തം വെച്ചിട്ടുണ്ട് പലപ്പോഴും.
ഉണ്ണീ,പുറത്തിറങ്ങരുത്,അമ്മ വൈകാതിങ്ങെത്തും. കവിളില്‍ മുത്തമേകി ആശുപത്രിയിലേക്ക് പോകുമ്പോള്‍ താനും, ചെറ്റക്കുടിലിന്‍റെ മണ്‍ഭിത്തികളിലെ പാറ്റകളും മാത്രം..ഇരുള്‍മൂടിയ കണ്ണുകള്‍‍  അമ്മയുടെ മുഖമോ,കണ്ണുകളില്‍ പടരുന്ന നനവോ കണ്ടില്ല...ആ വാത്സല്യം നിറഞ്ഞ സ്വരം പ്രകാശം പട൪ത്തിയിരുന്നു.
ഒരു രാത്രി ശ്വാസം കിട്ടാതെ, അമ്മ നിലത്തെ പായയില്‍ പിടഞ്ഞുമരിച്ചപ്പോള്‍ മനസ്സും അജ്ഞാതമായ തുരുത്തില്‍ ഒറ്റപ്പെട്ടു.അതിനുശേഷമാണ് ​അവളെ പ്രണയിച്ചത്.!ഏകാന്തതയുടെ വിരിമാറില്‍ തലചായ്ച്ചു കിടക്കുമ്പോഴും,പകലുകളില്‍ സൂര്യനവനെ നോക്കി പല്ലിളിച്ചപ്പോഴും അവളെ വല്ലാതെ പ്രണയിച്ചു.അവന്‍ പതിയെ നടന്നു.കോടമഞ്ഞ് പതുക്കെ വീശിയകലാന്‍ തുടങ്ങിയിരുന്നു.മുന്നോട്ടേക്കുളള ഓരോ ചുവട് വെക്കുമ്പോഴും അവളെ കൂടുതല്‍ പ്രണയിച്ചു കൊണ്ടേയിരുന്നു. വളരെ ക്കൂടുതലായ്...!.അപ്പോള്‍ അമ്മയുടെ വരണ്ട ചുണ്ടില്‍ പുഞ്ചിരി വിടരുന്നതവന്‍ കണ്ടു..
വാ...ഉണ്ണി,അമ്മേടടുത്ത് ഓടി വാ..
വാത്സല്യമാ൪ന്ന കരം നീട്ടുന്നത് അന്നാദ്യമായി അവന്‍ കണ്ടു.ചുറ്റും കനത്ത മഞ്ഞ് പടരുകയാണെങ്കിലും അവന്‍റെ ശരീരത്തില്‍ വല്ലാത്തൊരു ചൂട് പടരുകയായിരുന്നു.അഗാധ ഗ൪ത്തങ്ങളിലെവിടെയോ മനസ്സ് പതിച്ചപ്പോ അവന്‍റെ  കൂ൪ക്കം വലിയുടെ ശബ്ദവും ഉയ൪ന്നിരുന്നു.......!

                                                                   

Saturday 15 February 2014

----...ഉമ്മ...---



                 ----...ഉമ്മ...---

മൂകമായ രാത്രി.അതു പോലെയാണെന്‍റെ ഉമ്മ!.ദുരിതങ്ങളുടെ ഛായാചിത്രം വരച്ചിട്ട മുഖം...ശീതരക്തം ഞരമ്പിലൂടെ ഒഴുകുന്നതു കൊണ്ടാവാം എപ്പോഴും ക്ഷീണിതയാണ്. ഓലപ്പുരയില്‍ നിന്നും ഓടുപാകിയ വീട്ടിലേക്കുളള ചുവടുമാറ്റം ഉമ്മയെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്.മരുഭൂമിയില്‍ കാണാതെ കണ്ട കൂടാരം പോലെ.......
മുറ്റത്തെ മൈലാഞ്ചി തൈകള്‍, പൂത്തു വിടര്‍ന്നു നിന്നത് പെര നിറഞ്ഞുനില്ക്കുന്ന തന്‍റെ അഞ്ചു പെണ്മ ക്കളെ കണ്ടിട്ടാവണമെന്ന ഭീതി ഉമ്മയെ അലട്ടിയിരുന്നു. ലഹരിയുടെ ഉന്മാദത്തിലേറി വരുന്ന ഉപ്പയെ കൈകോര്‍ത്ത് കട്ടിലിലേക്ക് താങ്ങിയിരുത്തി കണ്ണുകള്‍ തുടയ്ക്കുന്നതു കാണാം ചില രാത്രികളില്‍......ഏട്ടന്‍ പോലീസ് മുറയില്‍ കവിളുകളും,തുടകളും തല്ലി നൊമ്പരപ്പെടുത്തുമ്പോള്‍ പുസ്തകത്തിലായിരുന്നില്ല ഞാനും പെങ്ങളും നോക്കിയിരുന്നത്....പകരം മണ്ണെണ്ണ വിളക്കിന്‍റെ കത്തിയെരിയുന്ന തിരിയിലായിരുന്നു.മണ്ണെണ്ണ പരന്ന് ആ തിരി ഞങ്ങളിലേക്കും പടര്‍ന്നി രുന്നുവെങ്കില്‍...........!
നാളുകള്‍ക്കുള ശേഷം, രണ്ടു മൊഞ്ചുളള കൈകളില്‍ മംഗല്യമൈലാഞ്ചി നിറം നല്കിയപ്പോള്‍ തിമിരം ഉമ്മയുടെ കണ്ണുകളുടെ നിറം കെടുത്തിയിരുന്നു.
ലഹരി കാര്‍ന്നു തിന്ന ഉപ്പയുടെ മെല്ലിച്ച ശരീരം ആശുപത്രിയില്‍ നിന്നും വെളളതുണിയില്‍ മൂടി വീടിന്‍റെ നടുത്തളത്തില്‍ കിടത്തുമ്പോള്‍ ചന്ദനത്തിരിയുടെയും,കുന്തിരിക്കത്തിന്‍റെയും പുകയുന്ന ഗന്ധം മുറികളിലാകെ പടര്‍ന്നി രിന്നു..സ്വലാത്തിന്‍റെ ഉച്ചാരണം മാത്രമേ ഉമ്മയുടെ മുറിയില്‍ നിന്നും കുറച്ചു നാളത്തേയ്ക്ക് പിന്നെ ‍ഞാന്‍ കേട്ടിട്ടുളളു..പ്രാര്‍ത്ഥനകള്‍ക്കു ഫലം ലഭിച്ചെന്നു പറയാം...മകന്‍ ഏഴുകടലും കടന്ന് കരയ്ക്കടുത്തപ്പോള്‍ അടുക്കളയില്‍ നിന്നുയര്‍ന്ന പുക നെടുവീര്‍പ്പിന്‍റെ നിശ്വാസങ്ങളല്ലായിരുന്നു....!
ഇപ്പോഴും,ബന്ധങ്ങളുടെ പേരില്‍ ഒറ്റപ്പെടുത്തലുകളും,കുറ്റപ്പെടുത്തലുകളും കൂര്‍ത്ത ശരങ്ങളായ് നെഞ്ചിനെ കീറിമുറിക്കുമ്പോഴും,.... ഉമ്മ എന്നും പറയാറുള്ളതു പോലെ ഞങ്ങളോട് പിന്നെയും പറയും “ എല്ലാം കാണണ പടച്ചോനുണ്ടല്ലോ മോളില്.....ആരെന്ത് ചൊല്ലിയാലും, ശെയ്ദാലും ഞമ്മള് അബരെ ഒന്നും ശെയ്യണ്ട.....ദുനിയാബല്ലെ,..പടച്ചോന്‍ സാഷി! “…..ആ വാക്കുകള്‍ക്ക് പേറ്റുനോവിന്‍റെ സഹനശക്തിയുണ്ടെന്ന് എല്ലാഴ്പ്പോഴും ഞാന്‍ തിരിച്ചറിയുന്നു ഈ പാതിരാത്രിയിലും....
----- സുമീര്‍ സികെ---

തന്‍റേടി.......

തന്‍റേടി.......


കല്ല്യാണാലോചനകള്‍ നടന്നു കൊണ്ടിരിക്കെ അവന്‍ തീരുമാനിച്ചുണ്ടായിരുന്നു തന്‍റേടമുളള ഒരു പെണ്ണിനെത്തന്നെ മതിയെന്ന്..അതിനു പിന്നിലെ കാരണം വേറൊന്നുമല്ല..........!
എന്നെങ്കിലുമൊരിക്കല്‍ തനിക്കെന്തെങ്കിലും സംഭവിച്ചു പോയാല്‍ ഈ സമൂഹത്തില്‍ തന്‍റെ കുട്ടികള്‍ പിഴച്ചു വളര്‍ന്നു കൂടാ...കുട്ടികളെ ശാസിക്കാനും,നേര്‍വഴിക്കു നയിക്കാനും അവള്‍ക്ക് കഴിയണം...
ചുറ്റുവട്ടത്തു നിന്നുമുള്ള നോട്ടങ്ങള്‍, കൂര്‍ത്ത ശരങ്ങളായി അവളുടെ മാറിനെ പിളര്‍ത്താന്‍ പാടില്ല....അങ്ങനെ വരുന്ന ശരങ്ങളെ കണ്ണിലെ രോഷാഗ്നി കൊണ്ടവള്‍ക്ക് പുകച്ചു കളയാന്‍ സാധിക്കണം.....
നിതാന്ത പരിശ്രമത്തിനൊടുവില്‍ അവളവന്‍റെ ജീവിത സഖിയായി.
മണിയറയിലെ മുല്ലപ്പൂക്കളുടെ പൊട്ടിച്ചിരി നിലയ്ക്കുന്നതിന് മുന്‍പേ,മട്ടുപ്പാവിലിരുന്ന ഉമ്മയുടെ പുഞ്ചിരി നിലച്ചത് ഒരാഴ്ച കൊണ്ടവന് ബോധ്യമായി.
ഒടുവില്‍, തന്‍റെ രണ്ടു കുരുന്നുകളെയും തനിച്ചാക്കി വേറൊരുത്തന്‍റെ കൂടെ പോയപ്പോളാണ് അവളിത്രയും തന്‍റേടിയാണെന്ന് അവന് മനസ്സിലായത്.......
----------സുമീര്‍ സി കെ
 
ഇന്നലെ .........മാനത്താകെ കനലെരിഞ്ഞ് സൂര്യന്‍ പതിയെ കടലമ്മയുടെ മാറിലേക്ക് മുഖം അമര്‍ത്തിയ സമയം......ചുവന്ന സായാഹ്നം...ഞാന്‍ പുഴയുടെ തീരത്തായിരുന്നു..മനസ്സില്‍ എരിഞ്ഞു കൊണ്ടിരിക്കുന്ന ചിന്തകളുടെ കനലൊഴുക്കം ഓളങ്ങളില്‍ ഒളിപ്പിച്ച് ,മുങ്ങിനീരാടി ശാന്തമനസ്സോടെ വീട്ടിലേക്ക് തിരിച്ചു പോണം..അതായിരുന്നു മനസ്സിലെ കണക്കുകൂട്ടല്‍....പക്ഷേ,എരിഞ്ഞു തീരാറായ നിലവിളക്കിലെ എണ്ണ പോല്‍ പുഴ വറ്റി വരണ്ടിരുന്നു......!
................--------സുമീര്‍ സി കെ----------.........................

വിരഹം..

വിരഹം..

അവസാനത്തെ യാത്രയായിരുന്നു.........!.
അവനും അവളും മണല്‍ത്തീരത്ത് കൈകോര്‍ത്തിരുന്നു.കടല്‍കാറ്റ് അവരുടെ കാതില്‍ ഒരു വിരഹഗാനം പാടിയകന്നു.അവനവളുടെ മുഖത്തേക്ക് നോക്കി.
മിഴികളിലെ അഗാധതയില്‍ നിന്നുയര്‍ന്നു വരുന്ന മിഴിനീര്‍ ,തിരമാലകള്‍ പോലെ, കണ്‍പോളകളുടെ ഉള്‍ക്കെട്ട് തകര്‍ത്ത് നേരെ കവിളുകളിലേക്ക്.......
“എന്തേ,രാജീ.......... അവന്‍റെ ചോദ്യമുയരുന്നതിനു മുന്‍പേ അവളവന്‍റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു.
“ രണ്ടു കൊല്ല്വല്ലേ, രണ്ടീസം പോലെ കടന്നു പോവും.....വിദൂരതയിലാണെങ്കിലും മനസ്സും,നിമിഷങ്ങളും നിന്നോടൊപ്പമുണ്ടാവും...”
നാളെ രാത്രി താന്‍ വീണ്ടും തിരിച്ചു പോവുകയാണ് മണലാരണ്യത്തിലെ തീച്ചൂളയിലേക്ക്....ലീവ് തീര്‍ന്നിരിക്കുന്നു..രാജിയാണെങ്കില്‍ മാതൃത്വത്തിന്‍റെ സ്വപ്നവും പേറി നാലുമാസം തികഞ്ഞു നില്ക്കു കയുമാണ്..
“ നിന്‍റെ വിരഹം അസാധ്യമാണ് സുധി..”.അവളുടെ അധരങ്ങള്‍ വിറച്ചിരുന്നു.
മണല്‍ത്തരികളില്‍ നിന്നുമുയര്‍ന്നു വന്ന ചുടു നിശ്വാസമായിരിക്കാം തീരത്തേക്കു വന്ന നനവിനെ ആര്‍ത്തിയോടെ കുടിച്ചു വറ്റിച്ചത്....ഒരുപാട് നേരം അവരങ്ങനെയിരുന്നു..അവളെ തന്നിലേക്കു ഒന്നൂടി ചേര്‍ത്തിരുത്തി,കടലിന്‍റെ അനന്തതകള്‍ക്കപ്പുറത്തേക്കവന്‍ നോക്കിയിരുന്നു.................!

................ സുമീര്‍ സി കെ....................................

Friday 14 February 2014

ഇന്ന് കാണുന്നത്



ഇന്ന് കാണുന്നത്




പതിവിലും നേരത്തെ അവനിന്നുണര്‍ന്നിരുന്നു....ഓഫീസില്‍ പോവാനിനിയും സമയമുണ്ട്.പത്രമെടുത്ത് വായിച്ചേക്കാമെന്ന് കരുതി ഉമ്മറത്തെ ചാരുകസേരയിലിരുന്നു.സാധാരണ രാത്രിയിരുന്നാണ് പത്രം വായിക്കാറുള്ളത്. അവന്‍ പത്രത്താളുകള്‍ മറിച്ചു കൊണ്ടിരുന്നു. ഓരോ പേജിലും കാണാന്‍ കഴിഞ്ഞത് കൊലപാതകങ്ങളും,രാഷ്ട്രീയ അരാജകത്വങ്ങളും നിറഞ്ഞ വാര്‍ത്തകളായിരുന്നു!. മനസ്സ് കലങ്ങി മറിഞ്ഞു.
പത്രം ചുരുട്ടി കസേരയില്‍ വെച്ചവന്‍ മനം കുളിര്‍പ്പിക്കുന്ന വല്ല പരിപാടിയും കാണാമെന്ന ധാരണയില്‍ ടെലിവിഷന്‍ ഓണ്‍ ചെയ്തു.ചാനലുകള്‍ ഒന്നൊന്നായി മാറ്റിനോക്കിയിട്ടും, മാധ്യമ കച്ചവടത്തിന്‍റെ ചൂടേറിയ ആള്‍മാറാട്ടങ്ങളും,പേക്കൂത്തുകളും മാത്രമേ അവനു കാണാന്‍ കഴിഞ്ഞുള്ളു.........!
ഭ്രാന്തമായ ഈ ലോകത്തെ ശപിച്ചുകൊണ്ട്, ശ്രവ്യ സുന്ദരമായ അനശ്വര ഗാനങ്ങളുടെ മാധുര്യം നുണയാന്‍ തൊട്ടടുത്തിരുന്ന റേഡിയോ ഓണ്‍ ചെയ്തു. അതില്‍ നിന്നുയര്‍ന്നു വന്ന ശബ്ദകോലാഹലം ട്രാഫിക്കില്‍ കുരുങ്ങിയ വണ്ടികളുടെ ഇരമ്പല്‍ പോലവന് തോന്നി.....!
അവന്‍ നേരെ നടന്ന് തൊടിയിലെ മാമരത്തിന്‍റെ ചുവട്ടിലിരുന്നു.തളിര്‍ത്തുല്ലസിച്ചിരുന്ന മലരുകളും, മരക്കൊമ്പിലിരുന്ന് പാടുന്ന കിളികളെയും കണ്ടവന്‍റെ മനസ്സില്‍ വസന്തം വിടരുകയായിരുന്നു.................
-------സുമീര്‍ സി കെ